കുമരകം: വിശ്രമത്തിനായി കുമരകത്തെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്നലെ മടങ്ങി. രാവിലെ 11ന് റോഡു മാര്‍ഗമാണ് കുമരകത്തുനിന്നു മടങ്ങിയത്. കുമരകം കവണാറ്റിന്‍കരയിലെ താജ് ഹോട്ടലില്‍ ഒരു രാത്രി വിശ്രമിച്ച രാഷ്ട്രപതി വിനോദ കുമരകത്തിന്റെ പ്രകൃതി സൗന്ദര്യവും ഗ്രാമീണ ജനതയുടെ നിഷ്കളങ്ക സ്നേഹവും ആവോളം ആസ്വദിച്ചാണു മടങ്ങിയത്.
കേരളത്തിന്റെ തനതു കലാവിരുന്നുകളും ഭക്ഷണവും എല്ലാം അനുഭവിച്ചറിഞ്ഞാണു രാഷ്ട്രപതിയുടെ മടക്കം. ഇന്നലെ പുലരിയില്‍ കായല്‍തീരത്ത് പ്രഭാതനടത്തത്തിനുശേഷം ഹൗസ് ബോട്ടില്‍ കയറിയെങ്കിലും കായല്‍ സവാരി നടത്തിയില്ല. രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്ന സംഘത്തിലെ ബന്ധുമിത്രാദികള്‍ മാത്രമാണു ചെറിയ കായല്‍യാത്ര നടത്തിയത്.
രാവിലെ 10നു താജില്നിന്നു മടങ്ങും എന്നാണറിയിച്ചതെങ്കിലും 11നാണു പുറപ്പെട്ടത്. കനത്ത സെക്യൂരിറ്റി ഉണ്ടായിരുന്നിട്ടും കുമരകം ചന്തക്കവലയിലും ഇല്ലിക്കല്‍ കവലയിലും കാറില്‍നിന്നിറങ്ങി തന്നെ ഒരുനോക്കു കാണാന്‍ കാത്തിരുന്ന നാട്ടുകാരുടെ അടുത്തെത്തി കുട്ടികള്‍ക്ക് മിഠായി നല്കി സ്നേഹം പങ്കിട്ടു.